
ആമ്പല്ലൂർ: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് (ആക്കാപ്പനം) വികസന സമിതിയുടെ നേതൃത്വത്തിൽ വാർഡിന്റെ ചരിത്രത്തിലാദ്യമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കായുള്ള അനുമോദന ചടങ്ങും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആക്കാപ്പനം ശ്രീനാരായണ താലപ്പൊലി ഫണ്ട് ഹാളിൽ നടന്ന പരിപാടി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
വാർഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ വാർഡ് മെമ്പർ അതുൽ പാണക്കാടൻ അധ്യക്ഷത വഹിച്ചു. വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു (State, CBSE, ICSE) പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
തുടർന്ന് ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന വെല്ലുവിളികളായ “കുട്ടികളിലെ ലഹരി ഉപയോഗവും, മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും” എന്ന വിഷയത്തെ ആസ്പദമാക്കി മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ (ASI) രജീഷ് ആർ. ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.
വാർഡ് വികസന സമിതി കൺവീനർ ബാബു കെ.വി. സ്വാഗതം ആശംസിച്ച ചടങ്ങിൽ, എ.ഡി.എസ് (ADS) പ്രസിഡന്റ് ശാന്തിനി ശശി, സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു എം. ജോസ്, മലർവാടി സ്പോർട്സ് & ആർട്സ് ക്ലബ് പ്രസിഡന്റ് അനീഷ് കെ.പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് വികസന സമിതി പ്രതിനിധി മണി പി.കെ. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയിൽ വാർഡിലെ നിരവധി നാട്ടുകാരും രക്ഷിതാക്കളും പങ്കെടുത്തു.
