എടയ്ക്കാട്ടുവയൽ ഗ്രാമീണ വായനശാലയിൽ ചിത്രകലാ ക്ലാസ്സ് ആരംഭിച്ചു.
എടയ്ക്കാട്ടുവയൽ ഗ്രാമീണ വായനശാലയിൽ “ബോധി” ചിത്രരചനാ പഠനക്ലാസിന് തുടക്കമായി.ആർട്ടിസ്റ്റ് സന്ധ്യ എം. എസ്., BFA, MFA (ആർ.എൽ.വി.) ആണ് ക്ലാസ്സ് നയിക്കുന്നത്. ഗ്രാമീണ വായനശാല കഴിഞ്ഞമാസം പുനരുജീവിപ്പിക്കപ്പെട്ട ശേഷം നടത്തുന്ന പുതിയൊരു ചുവട് വെപ്പാണ് ചിത്രകലാ പരിശീലനം.
വായനയുടെ ലോകത്തെയും ചിത്രകലയുടെ സൃഷ്ടിപരതയെയും മനോഹരമായി ബന്ധിപ്പിക്കുന്ന ചിത്രകലാ പഠന ക്ലാസ്സ്
ബഹു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ബിജു തോമസ് ഭദ്രദീപം കൊളുത്തി, ഉദ്ഘാടനം നിർവഹിച്ചു.
വായനശാല പ്രസിഡന്റ് ശ്രീ. കെ. ജി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ജോഷി വർഗീസ്, പ്രശസ്ത ആർട്ടിസ്റ്റ് ചിത്ര ചന്ദ്രൻ ,ബേബി M.T, M.S സന്ധ്യ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചിത്രകലാ വിദ്യാർത്ഥികളും കലാസ്നേഹികളും ചടങ്ങിൽ പങ്കുചേർന്നു.
ഉദ്ഘാടനത്തിനുശേഷം ആർട്ടിസ്റ്റും ചിത്രകലാ അധ്യാപികയുമായ ചിത്ര ചന്ദ്രൻ ചിത്രകലയുടെ പ്രാഥമിക പാഠങ്ങളെ ആസ്പദമാക്കി നടത്തിയ “ലൈവ് ഇന്ററാക്റ്റീവ് ഡെമോൺസ്ട്രേഷൻ” ഏറെ ശ്രദ്ധയാകർഷിച്ചു.
അക്ഷരങ്ങളുടെയും വർണങ്ങളുടെയും ഈ മനോഹരമായ സംഗമത്തിലൂടെ എടയ്ക്കാട്ടുവയൽ ഗ്രാമീണ വായനശാല പുതിയൊരു സാംസ്കാരിക യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.