
കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന അതിതീവ്രമഴ ആമ്പല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിലവിലെ സ്ഥിതിഗതികളിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി പ്രസിഡന്റ് കെ.ജി രഞ്ജിത്തിന്റെ അധ്യക്ഷതയിൽ അടിയന്തിര അവലോകനയോഗം ചേർന്നു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറി,കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനീയർ, നിർവഹണ ഉദ്യോഗസ്ഥർ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പുഴയോട് ചേർന്നുള്ള ഏതാനും ചില വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.കൃഷി നാശം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈദ്യുതി ലൈൻ, ട്രാൻസ്ഫോർമർ എന്നിവയുമായി ബന്ധപ്പെട്ട് നിലവിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിര നടപടി എടുത്തിട്ടുണ്ട്. മഴക്കെടുതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിനുള്ള മുന്നൊരുക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.