
വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് 67 ലീറ്റർ മദ്യമാണ് കണ്ടെത്തിയത്. നിയമപ്രകാരം സൂക്ഷിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലിയ അളവിലുള്ള മദ്യമാണ് പിടിച്ചെടുത്തത്. ആന്റോയെ ബത്തേരി കോടതിയിൽ ഹാജരാക്കും. മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പിൽ റജിസ്റ്റർ ചെയ്ത കേസിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് മദ്യം കണ്ടെത്തിയത്. വീട്ടിൽ മദ്യം കണ്ടെത്തിയ സംഭവത്തിൽ ആന്റോയെ അറസ്റ്റ് ചെയ്യുന്നതിനു തടസ്സമില്ലെന്ന് എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു.
ഇന്നലെ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ പരിശോധനയിൽ കറൻസിയും ഇലക്ടോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. 67 ലീറ്റർ വിദേശമദ്യം, 6400 യുഎസ് ഡോളർ, യുഎഇ, ഘാന, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ കറൻസി, വിദേശ ക്രെഡിറ്റ് കാർഡുകൾ, ഒരു മൊബൈൽ, ഒരു ലാപ്ടോപ്, ഒരു ടാബ്, ഒട്ടേറെ രേഖകൾ എന്നിവയാണ് പിടിച്ചെടുത്തതെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന വിവരം.