മുംബൈ കമ്പനിയില്‍നിന്ന്‌ 
2 കോടി തട്ടി;  അരയൻകാവ് സ്വദേശി  യുവതി പിടിയിൽ

ജോലി ചെയ്തിരുന്ന മുംബൈയിലെ കമ്പനിയിൽനിന്ന് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന മലയാളി യുവതി പിടിയിൽ. അരയൻകാവ് കുലിയറ്റിക്കര സ്വദേശി സി ആർ ശ്രുതി (34)യെയാണ് കൊച്ചി സിറ്റി പൊലീസിന്റെ സഹായത്തോടെ കാക്കനാടുനിന്ന് മുംബൈ മാഹിം പൊലീസ് അറസ്റ്റുചെയ്‌ത്.

 

കമ്പനിയുടെ മുംബൈ ഓഫീസിൽ ജോലിചെയ്തിരുന്ന മുംബൈ സ്വദേശിനി ശ്രുതി സഞ്ജയ് വലവാൽക്കറാണ് ഒന്നാംപ്രതി. ഇവരും കൊച്ചി ശാഖയിൽ ജോലിചെയ്തിരുന്ന രണ്ടാംപ്രതി സി ആർ ശ്രുതിയും ചേർന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കമ്പനി മാനേജിങ് ഡയറക്‌ടറുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതിയെ ആഗസ്ത് 20ന് മുംബൈയിൽനിന്ന് അറസ്റ്റുചെയ്തു.

ഇതോടെ രണ്ടാം പ്രതിയായ ശ്രുതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ശ്രുതിയെ കണ്ടെത്താൻ മുംബൈ പൊലീസ് കൊച്ചി സിറ്റി പൊലീസിന്റെ സഹായം തേടി. 57 ദിവസമായി കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള സൊലാസ് വില്ലേജ് ആൽഫാ റസിഡൻസിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ശ്രുതിയെ പിടികൂടുകയായിരുന്നു. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി മുംബൈയിലേക്ക് കൊണ്ടുപോയി.